വഴിതെറ്റി വന്നവര്‍

Monday, December 2, 2013

അനന്തമീ മോക്ഷ മാർഗ്ഗം.

പള്ളിപ്പറമ്പിലെ മണ്ണിൽ പുതഞ്ഞ് പഴുത്തുണങ്ങി പൊടിഞ്ഞുമാറിയ  റൊൺ ഗോമസിന്റെ തലച്ചോറിന്റെ ഭാഗമായി അപ്പോളവസാനിപ്പിച്ച ജന്മത്തിൽ നിന്നും, റെസ്ക്യൂ പ്രവർത്തനത്തിനുവന്ന ബാക്ടീരിയൻ സന്നദ്ധസംഘപ്രവർത്തകരുടെ ഒരു കൈ സഹായംകൊണ്ട് ശതകോടി കണങ്ങളോടൊപ്പം പുറത്തു ചാടിയ പേരില്ലാത്ത ഒരു  കൂട്ടമായി അവരും തങ്ങളുടെ യാത്ര തുടർന്നു. മുൻപിൽ അവ്യക്തമായി മാത്രം കാണുന്ന വഴിയിൽ തങ്ങളെപ്പോലെ നിരവധി കൂട്ടങ്ങൾ നീങ്ങുന്നു. അവയോരോന്നും മുൻപോട്ടുള്ള വഴിയിൽ കാണുന്ന ജംഗ്ഷനുകളിൽ വച്ച് മറ്റുള്ളവരോടു കൂടിയും തമ്മിൽ പിരിഞ്ഞും അടുത്തജന്മമെടുക്കാൻ പോയ്ക്കൊണ്ടേയിരിക്കുന്നു.

അനിശ്ചിതത്വങ്ങൾ മാത്രം നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെ പോകുമ്പോൾ ആ ആൾക്കൂട്ടത്തിനിടയ്ക്കും ഭയം മാറിനിൽക്കുന്നില്ല. അഹിംസയ്ക്കും സമാധാനത്തിനും വേണ്ടി ചിന്തിക്കാൻ റോൺ ഗോമസിന്റെ തലച്ചോറിൽ സഹായമായി നിന്ന ഇക്കഴിഞ്ഞ ജന്മത്തിൽ നിന്നും അടുത്തത് ചിലപ്പോൾ വിളറിപിടിച്ച ഏതെങ്കിലും ഭ്രാന്തന്റെ ചൂണ്ടു വിരലിൽ ചലിക്കാൻ തയ്യാറെടുക്കുന്ന സർവസംഹാരിയായ ആയുധത്തിന്റെ പോർമുനയിലെ കണമായിട്ടാവും. അതിനുവേണ്ടി അനേക കാതങ്ങൾ ഞൊടിയിൽ പിന്നിടാനുള്ള നിയോഗത്തിൽ ഇടയ്ക്ക് ഒരു പ്രകാശകണമായി ജന്മമുണ്ടാകാനും മതി.
 കവലയിൽ ആരോ പ്രസംഗിക്കുന്നു "ശരീരം മരണത്തോടെ നശിച്ചു പോകുന്നു, ആത്മാവോ എന്നന്നേക്കും നിലനിൽക്കുന്നു" ആ വാക്കുകളിലെ ശബ്ദകണമായി സ്വയം വിമർശനത്തോടെയെന്നപോലെ പൊട്ടിച്ചിരിച്ചു പുറത്തു ചാടിയ പുതിയൊരു കൂട്ടുകാരനുമായി തോൾ ചേർന്ന് തണുത്തുറഞ്ഞ വഴിയിലൂടെ അടുത്ത ജന്മത്തിലേക്ക് പോകുമ്പോൾ ഭയമൽപ്പം കുറഞ്ഞെന്നു തോന്നി ...


പിൻ കുറിപ്പ് : സത്യത്തെ ഭാവനയുമായി കുഴച്ച് എക്സാജറേറ്റ് ചെയ്യുമ്പോഴാണ് ഫിക്ഷനുകൾ ഉണ്ടാകുന്നത് എന്നായിരുന്നു മുൻ ധാരണ, എന്നാൽ മറിച്ചാണ് സംഗതി; സത്യത്തെ അത്യധികം ലളിതവൽക്കരിച്ച് പകർത്തുന്നതാണ് ഫിക്ഷൻ എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.

Read more...

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP