തലയില്‍ മുടി കുറവാണെങ്കിലും, നീളവും വണ്ണവുമൊന്നും അധികമില്ലെങ്കിലും ശൌര്യത്തിനൊട്ടും കുറവില്ല ഞങ്ങള്‍ കിഷ് എന്ന് വിളിക്കുന്ന കൃഷ്ണന്‍കുട്ടിച്ചേട്ടന്. ആളൊരു കലാകാരന്‍. സര്‍വോപരി പരോപകാരി, സഹൃദയന്‍. ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍കുട്ടി എന്നാണ് നാട്ടിലറിയുക. ആളിത്തിരിയെ ഉള്ളുവെങ്കിലും പുള്ളിയോടിടയാന്‍ ആളെ അറിയവുന്ന്വരെല്ലാം ഒന്നു മടിക്കും. ആരോടും എന്തിനോടും ആളും തരവും നോക്കാതെ കയറി ഒടക്കാന്‍ കഴിവ് പാരമ്പര്യമായി കിട്ടിയ കക്ഷി. "പരാതി" എന്ന് പറഞ്ഞാല്‍ നാട്ടില്‍ എല്ലാരും പെട്ടെന്നറിയും. പൊതു താല്പര്യ ഹര്‍ജ്ജികളുടെയും നിവേദനങ്ങളുടെയും ഒരു മാര്‍ജിന്‍ഫ്രീ ഉത്പാദന കേന്ദ്രമായിരുന്നു കഷ്ടിച്ച് അഞ്ചരയടി മാത്രം നീളമുണ്ടായിരുന്ന ഈ മനുഷ്യന്‍. ഈ ഹര്‍ജ്ജികളൊന്നും തന്നെ സ്വന്തം ആവശ്യത്തിനുള്ളതല്ലായിരുന്നതിനാലും ഒരു പരോപകാരിയായിരുന്നതിനാലും കക്ഷിക്ക് നാട്ടില്‍ ഒരു വന്‍ സുഹൃത്ത് വലയം ഉണ്ടായിരുന്നു.
കുറേ കാലം മുന്‍പ് എന്ന് വച്ചാല്‍ പുള്ളിക്ക് പാലക്കാട്ട് drawing മാഷായി ജോലി കിട്ടുന്നതിനൊക്കെ മുന്‍പ്, നാട്ടില്‍ നിന്നിറങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് പടം വരച്ചു കൊടുത്തും ഇലക്ഷന്‍ സമയത്തു ബാനര്‍, പോസ്റ്റര്‍ എഴുതിയും കഷ്ടിച്ച് കഴിഞ്ഞു കൂടുന്ന കാലം. രാവിലെ കുളിച്ചു റെഡിയായി വരും മുന്‍പേ ആളുകള്‍ അന്വേഷിച്ചു വീട്ടില്‍ വന്നിരിക്കും. പിന്നെ അവരുടെ വണ്ടിക്ക് പുറകില്‍ കയറി ഇരുന്നാല്‍ മതി. (പിന്നിലിരുന്നു പോകുന്നതല്ലാതെ മുന്‍പില്‍ ഇരിക്കാനോ വണ്ടി ഓടിച്ചു നോക്കുവാനോ ശ്രമിക്കാത്തത് ചവിട്ടി കയറാനും ഇറങ്ങാനും നാട്ടില്‍ അധികം മൈല്‍കുറ്റികളില്ലാത്തതിനാലാണെന്നാണ് അനിക്കുട്ടനെ പോലുള്ള ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നുണ്ട്)
ഇങ്ങനെ, ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് പറയുമ്പോലെ ആരോടും യാതൊരു പരാതിയുമില്ലാതെ ജീവിച്ചു പോകുന്ന കാലത്ത് ഒരു ദിവസം രാവിലെ വീട്ടു മുറ്റത്തതാ പതിവില്ലാതെ പ്രകാശന്‍. വിളി കേട്ട് കട്ടിലില്‍നിന്നു ചാടി എണീറ്റു ചെരുപ്പിട്ടപ്പോള്‍ തന്നെ ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയത് ദുര്‍ലക്ഷണമാണല്ലോ എന്ന് ചിന്തിച്ചെങ്കിലും മുന്നോട്ടു വച്ച കാല്‍ ചെരുപ്പില്ലെങ്കിലും മുന്നോട്ടു തന്നെ എന്തും വരട്ടെ എന്നുറച്ച് ഉമ്മറത്തേക്ക് ചെന്നു. പ്രകാശന്‍ ആളൊരു ശുദ്ധപാവമാണ്. ഒന്നുരണ്ടു വെട്ടുകുത്തുകേസുകള്‍ ഉള്‍പ്പെടെ പത്തോ പന്ത്രണ്ടോ കേസുകളുണ്ടെന്നതൊഴിച്ചാല്‍ ആള് വെറും ശുദ്ധനാണ്. വളരെ വിരളമായേ പ്രകാശന്‍ തിരക്കി വരാറുള്ളെങ്കിലും വരുമ്പോള്‍ അടുത്ത വരവുവരേയ്ക്കുള്ള ഓര്‍മ തന്നിട്ടെ പോകാറുള്ളൂ എന്നതിനാല്‍ ഇന്നെന്താണാവോ എന്ന് പേടിച്ചാണ് കിഷ് ഉമ്മറത്തേക്ക് വന്നത്.
പക്ഷെ പേടിച്ചപോലോന്നുമില്ല പൈപ്പ് കണക്ഷന്‍െറ എന്തോ കാര്യത്തിനു വാട്ടര്‍അതോറിട്ടിഓഫീസ് വരെ ഒന്നു പോകണം. പ്രകാശന്‍ കുറെക്കാലം വെളിയിലായിരുന്നതിനാല്‍ (പള്ളിക്കൂടത്തിന് വെളിയില്‍) മലയാളമൊന്നും നന്നായി വശമില്ല. ചിലപ്പോള്‍ ഫോറം വല്ലതും പൂരിപ്പിക്കേണ്ടി വന്നാല്‍ ഒരു സഹായം വേണമല്ലോ എന്ന് കരുതി കിഷിനെ വിളിച്ചതാണ്.
ആശ്വാസമായി, എന്തായാലും പ്രതീക്ഷിച്ചപോലോന്നുമില്ല.
വണ്ടിയും കൊണ്ടുവന്നിട്ടുണ്ട്.
രാവിലെ തന്നെ വെറുതെ പാവം ചെരുപ്പിനെ സംശയിച്ചു.
"നീ നില്ലെടാ ഞാന്‍ ഒന്നു മേല് കഴുകിയേച്ചു വരാം."
പോകുന്ന വഴി പമ്പില്‍ കയറി, ഒരു വഴിക്കു പോകുന്നതല്ലേ അല്പം ആര്‍ഭാടമിരിക്കട്ടെ എന്ന് കരുതി 'പത്ത് രൂപയ്ക്ക്' പെട്രോളും അടിച്ച് പമ്പില്‍നിന്നു റോഡിലേക്കിറങ്ങിയപ്പോള്‍ മുന്‍പിലതാ ഒരു പോലിസുകാരന്‍. ഒരുവിധത്തില്‍ അയാളുടെ കണ്ണുവെട്ടിച്ചു പത്തടി ചെന്നില്ല അതാ വേറൊരുത്തന്‍. അപ്പോഴേക്കും ട്രാഫിക്കിനിടയില്‍ കുരുങ്ങി പോയിരുന്നു. പിടിക്കപ്പെട്ടാല്‍ കുറേ ഓണവും ക്രിസ്മസും വെള്ളമടിക്കാതെ തള്ളി നീക്കണമല്ലോ എന്നോര്‍ത്തപ്പോള്‍, പിന്നൊന്നും നോക്കാതെ, വണ്ടി ഓഫാക്കുകപോലും ചെയ്യാതെ മുന്‍സീറ്റില്‍ നിന്നും ഊര്‍ന്നിറങ്ങി പ്രകാശന്‍ എങ്ങോട്ടോ സ്കൂട്ടായി. കിഷ് ഡ്രൈവര്‍ ഇല്ലാത്ത വണ്ടിയുമായി ടൌണില്‍ ട്രാഫിക്കിനു നടുവില്‍ വിയര്‍ത്തിരുന്നു.
ഒരു വശത്തുനിന്നും വണ്ടികളെല്ലാം ഒഴിപ്പിച്ചു തിരിഞ്ഞു നോക്കിയ ട്രാഫിക് പോലിസുകാരന്‍ കണ്ടത് ഇത്തിരിപ്പോന്ന ഒരു മനുഷ്യന്‍ ഒരുകൂട്ടം വാഹനങ്ങളെ വെറും ഒരു സ്കൂട്ടറുകൊണ്ട് തടഞ്ഞു നിര്‍ത്തിയിരിക്കുന്ന അത്ഭുതാവഹമായ കാഴ്ച. പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത പോലീസുകാരന്‍ വഴിതടയലുകാരന്‍റെ അടുത്തേക്ക് നടന്നു ചെന്നു. വളരെ മര്യാദയായി ചോദിച്ചു.
"അല്ലയോ മനുഷ്യാ റോഡിനു നടുവിലാണോ താങ്കളുടെ മാതാവിന്‍റെ സര്‍ക്കസ്?" (തര്‍ജ്ജിമ കടപ്പാട് : മലയാളവിജ്ഞാനകോശം)
നടന്ന കാര്യം പറഞ്ഞാല്‍, വളരെ പ്രശസ്തനായ തന്‍റെ ഡ്രൈവറുടെ കെയറോഫില്‍ കിട്ടുന്ന പ്രത്യേക പരിഗണന മൂലം, കുറച്ചു കാലം സര്‍ക്കാരിന്‍റെ അതിഥിയായി കഴിയേണ്ടി വന്നേക്കാം എന്നുള്ളതിനാല്‍ ഒന്നും മിണ്ടാതെ നിന്നു.
"നീയെന്താടാ ഒന്നും മിണ്ടാത്തെ ? നിന്‍റെ വായിലെന്താടാ **** ? "
പോലീസുകാരന്‍ മുന്നേറിക്കൊണ്ടിരുന്നു
രക്ഷ പെടാന്‍ എന്താണ് മാര്‍ഗം? തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു വഴി കിട്ടി സെന്‍റിമെന്‍റ്സില് പിടിച്ചു കയറാം. മുഖത്തല്‍പ്പം ശോകം വരുത്തി വിറക്കുന്നസ്വരത്തില്‍ പറഞ്ഞു.
"അച്ഛന്‍ ആശുപത്രിയിലാണ് സാര്‍, അല്‍പ്പം സീരിയസ് ആണ് സാര്‍, സഹായത്തിനു വെരാരുമില്ല സാര്‍, സാറിനുമില്ലേ സാര്‍ ജന്മം തന്ന ഒരു മനുഷ്യന്‍. "
'സാര്‍' വിളിയിലോ അഭിനയത്തിന്‍റെ മികവിലോ എന്നറിയില്ല പോലീസുകാരന്‍ ഒന്നയഞ്ഞു.
"ങാ... എടുത്തോണ്ടു പൊയ്ക്കോ വേഗം എന്റെ കൈയ്ക്ക് പണിയൊണ്ടാക്കാതെ"
പറഞ്ഞിട്ടു പോലീസുകാരന്‍ തിരിഞ്ഞു നടന്നു. റോഡിനപ്പുറത്തു ചെന്നപ്പോഴും ട്രാഫിക്കിനു ചലനം കാണാഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ അതാ നമ്മുടെ 'ഭരത്' കിഷ് അനക്കമില്ലാതെ വണ്ടിയില്‍ പിടിച്ചു നില്‍ക്കുന്നു. പോലീസുകാരന്‍ വീണ്ടും തിരികെവന്നു ചോദിച്ചു.
"എന്താടാ നിക്കുന്നത് ?"
"അത് .... അത്.... എനിക്ക് വണ്ടിയോടിക്കാനറിയില്ല സാര്‍."
അതിനയാള്‍ പറഞ്ഞ മറുപടി തര്‍ജ്ജിമ ചെയ്യാന്‍ കഴിയാത്തതിനാലും, അത് അതേപടി എഴുതിയാല്‍ എന്‍റെ ബ്ലോഗിന്‍റെ പ്രൊഫൈല്‍ മാറ്റേണ്ടി വരുമെന്നതിനാലും ഞാനതിനു ശ്രമിക്കുന്നില്ല, ക്ഷമിക്കുക.
എന്തായാലും അതുകേട്ട നമ്മുടെ കഥാനായകന്‍റെ കണ്ണില്‍ നിനനും ഇത്തവണ ശരിക്കും കണ്ണുനീര് വന്നു.
പോരും വഴി കയ്യില്‍ക്കിടന്ന വാച്ച് ഊരി പണയംവച്ച് അഞ്ഞൂറു രൂപയുമായി നേരെ സണ്ണീസ് ഡ്രൈവിങ്ങ് സ്കൂളിലെ ആശാനു ദക്ഷിണയും വച്ചു.
Read more...